ഇന്ത്യക്ക് ഏകദേശം 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 773 കോടി ഇന്ത്യൻ രൂപ) സൈനിക വിൽപ്പനയ്ക്ക് നവംബർ 19-ന് ട്രംപ് ഭരണകൂടം അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധങ്ങൾക്ക് ഇത് അടിവരയിടുന്നു.
45.7 മില്യൺ ഡോളർ മതിപ്പുള്ള ജാവലിൻ ടാങ്ക് വേധ മിസൈൽ സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും, 47.1 മില്യൺ ഡോളർ മതിപ്പുള്ള എക്സ്കാലിബർ പ്രൊജക്റ്റിലുകൾ എന്നിവയുടെ വിൽപ്പനയ്ക്കാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അംഗീകാരം നൽകിയത്.
യു.എസ്.-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഒരു ‘പ്രധാന പ്രതിരോധ പങ്കാളി’ എന്ന നിലയിൽ ഇന്ത്യയുടെ സുരക്ഷ വർദ്ധിപ്പിക്കാനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്താനും ഈ വിൽപ്പന സഹായിക്കുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോർപ്പറേഷൻ ഏജൻസി (DSCA) പ്രസ്താവനയിൽ അറിയിച്ചു.
സൈനിക സാങ്കേതികവിദ്യ, സംയുക്ത ഉത്പാദനം, വിവര കൈമാറ്റം എന്നിവയിൽ സഹകരണം വികസിപ്പിക്കുന്നതിനായി വാഷിംഗ്ടണും ന്യൂഡൽഹിയും 10 വർഷത്തെ പ്രതിരോധ സഹകരണ ചട്ടക്കൂട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.



