കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ. എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ പിടികൂടിയത്. ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ബണ്ടി ചോർ പിടിയിലായത്.
താൻ കേസിൻ്റെ ആവശ്യത്തിനായി എറണാകുളത്ത് എത്തിയതാണ് എന്നാണ് ബണ്ടി ചോർ പൊലീസ് ചോദ്യം ചെയ്യലിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇയാൾക്ക് എറണാകുളം കോടതിയിൽ കേസുള്ളതായി പൊലീസ് കണ്ടെത്തിയിട്ടില്ല. മറ്റ് ആരെയൊക്കെയാണ് ബണ്ടി ചോർ ഇവിടെ കണ്ടതെന്നതിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് അഥവാ ഹരി ഥാപ. ധനികരുടെ ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. അത്യാധുനിക പൂട്ടുകൾ പോലും തുറക്കാനുള്ള കഴിവുള്ള ബണ്ടി ചോർ ഒരു ടെക്കി കള്ളൻ എന്നാണ് അറിയപ്പെടുന്നത്. മോഷണം നടത്തുന്നതിന് മുന്നോടിയായി സിസിടിവി ക്യാമറകൾക്ക് മുന്നിലെത്തി തൻ്റെ മുഖം കാണിച്ച് കൊടുക്കുന്ന പതിവ് കൂടി ബണ്ടി ചോറിന് ഉണ്ടായിരുന്നു.



