പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. എന്നാൽ, ബോളിവുഡ് സംവിധായകൻ കരണ്‍ ജോഹർ ഉള്‍പ്പെടെയുള്ള കുടുംബത്തോട് അടുത്തുനിൽക്കുന്നവർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ആറ് പതിറ്റാണ്ട് കാലം പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാലോകത്തെ അതികായനായിരുന്ന ധർമേന്ദ്ര ബോളിവുഡിലെ ‘ഹീ മാൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1960ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അറുപതുകളിൽ ഇറങ്ങിയ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കെ’ തുടങ്ങിയ ചിത്രങ്ങള്‍ ഈ പുതുമുഖ നടന്റെ വരവറിയിച്ചു. 1975 ൽ റിലീസായ ‘ഷോലെ’യിലെ ‘വീരു’ എന്ന കഥാപാത്രം നടന്റെ കരിയറിൽ വഴിത്തിരിവായി. ‘ഷോലെ’യ്ക്ക് പിന്നാലെ ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ധർമേന്ദ്ര പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടി.
1997ൽ, ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ഫിലിംഫെയർ നടനെ ആദരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം ലോക്സഭയിലെ ഭാരതീയ ജനതാ പാർട്ടി എംപിയായിരുന്നു.
ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത് ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രത്തിലാണ്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കീസ്’ എന്ന ചിത്രവും റിലീസിന് ഒരുങ്ങിയിരുന്നു. ചിത്രം ഡിസംബറിൽ റിലീസിനെത്തും. ഇന്നാണ് സിനിമയിലെ ധർമേന്ദ്രയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്.
1935 ഡിസംബർ എട്ടിന് സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിലാണ് ജനനം. കേവൽ കൃഷനും സത്വന്ത് കൗറുമാണ് മാതാപിതാക്കൾ. 19ാം വയസിലാണ് ആദ്യ വിവാഹം. പ്രകാശ് കൗർ ആണ് ആദ്യ പങ്കാളി. സിനിമാ മേഖലയിലേക്ക് എത്തിയ ശേഷം നടി ഹേമാ മാലിനിയെ വിവാഹം ചെയ്തു. സണ്ണി, ബോബി, അജിത, വിജേത, ഇഷ, അഹാന എന്നിവരാണ് മക്കൾ.


