ചരിത്രപ്രസിദ്ധമായ ഏകാദശി നിറവിൽ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഇന്ന് വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദശമി ദിവസത്തിൽ പുലർച്ചെ മൂന്നിന് തുറന്ന നട നാളെ രാവിലെയാവും അടയ്ക്കുക. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.
രാവിലെ ആറരയ്ക്കാണ് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ വിഐപികള്‍ക്ക് ഉള്‍പ്പെടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. ഊട്ടിനുള്ള വരി 2ന് അവസാനിപ്പിക്കും.
സുപ്രീം കോടതി വിധി പ്രകാരം ഉദയാസ്‌തമയ പൂജയോടെയാവും ഇത്തവണ ഏകാദശി ആഘോഷിക്കുക. ഓരോ അഞ്ച് പൂജകൾ കഴിഞ്ഞാൽ ഒരു മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ദർശനം അനുവദിക്കും. 53 മണിക്കൂർ നട തുറന്നിരിക്കുന്നതിനാൽ പുലർച്ചെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെ സ്പെഷ്യൽ ക്യൂ ഒഴിവാക്കി ഏകാദശി ദർശനത്തിന് വരി നിൽക്കുന്നവർക്ക് മുൻഗണന നൽകുന്നുണ്ട്. ഏകാദശിയോട് അനുബന്ധിച്ചു കൊണ്ട് മഹാപ്രസാദ് ഊട്ട് , ദശമി വിളക്ക് , പഞ്ചരത്ന കീർത്തനാലാപനം, ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപനം തുടങ്ങിയ പരിപാടികളും വിവിധ സമയങ്ങളിലായി നടക്കും.



