സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടി. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെയായാണ് നീട്ടിയത്.
കരട് വോട്ടർ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 21നാണ്. സമയപരിധി നീട്ടണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.
ഇതിന് മുമ്പും സമയപരിധി ഡിസംബർ 16 വരെ നീട്ടിയിരുന്നു. എന്നാൽ എന്യുമറേഷൻ ഫോമുകൾ ഈ സമയപരിധിക്കുള്ളിൽ തിരികെ നൽകുവാനുള്ള പ്രയാസം കണക്കിലെടുത്താണ് സമയം വീണ്ടും നീട്ടിയത്. കേരളമടക്കം 12 സംസ്ഥാനങ്ങൾക്കാണ് അന്ന് സമയപരിധി നീട്ടി നൽകിയിരുന്നത്. ഡിസംബർ നാലിന് നടപടിക്രമം അവസാനിപ്പിക്കണം എന്നായിരുന്നു നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.
കേരളത്തിൽ എന്യുമറേഷൻ ഫോം വിതരണം 99 ശതമാനത്തോളം പൂർത്തിയായിരുന്നെങ്കിലും ഫോമുകൾ ഇനിയും തിരികെ ലഭിക്കാനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സമയമായതിനാൽ എസ്ഐആർ നീട്ടിവെക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.



