അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ദ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോകാൻ എയർ ആംബുലൻസ് ചൊവ്വാഴ്ച ധാക്കയിലെത്തും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വിമാനത്തിന് ലാൻഡിംഗ് സ്ലോട്ട് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എയർ ആംബുലൻസ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് നേരത്തെ യാത്ര ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഇന്നലെയും എയർ ആംബുലൻസ് എത്താതിരുന്നതോടെ യാത്ര ചൊവ്വാഴ്ചത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയാണ് സിയയുടെ ആരോഗ്യനില മോശമാക്കിയത്. ആറ് ഡോക്ടർമാർ, പാർട്ടി ഉപദേഷ്ടാവ് ഇനാമുൾ ചൗധരി, ഇടക്കാല സർക്കാരിലെ രണ്ട് പ്രത്യേക സുരക്ഷാ സേന ഏജൻ്റുമാർ അടക്കം 14 പേരടങ്ങിയ സംഘവും സിയയോടൊപ്പം ലണ്ടനിലേക്ക് പോകും.
80 കാരിയായ സിയ, ബംഗ്ലാദേശി ഡോക്ടർമാരും വിദേശ ഡോക്ടർമാരും, പ്രത്യേകിച്ച് ചൈന, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഉൾപ്പെടുന്ന വിപുലമായ മെഡിക്കൽ ബോർഡിന് കീഴിൽ ധാക്കയിലെ സ്പെഷ്യലൈസ്ഡ് എവർകെയർ ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിൽ (സിസിയു) ചികിത്സയിലാണ്.
നവംബർ 23 ന് നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിയയെ വിപുലമായ ചികിത്സയ്ക്കായി ലണ്ടനിലേക്ക് അയയ്ക്കാൻ മെഡിക്കൽ ബോർഡ് നേരത്തെ സമ്മതിച്ചിരുന്നു. നാല് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യപ്രശ്നങ്ങൾ വഷളായതിനെത്തുടർന്ന് ഡോക്ടർമാർ അവരെ സിസിയുവിലേക്ക് മാറ്റുകയായിരുന്നു.



