ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യുടെ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
ചൊവ്വാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അന്ത്യം. ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധയെ തുടര്‍ന്ന് നവംബര്‍ 23 നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 36 ദിവസമായി ചികിത്സയിലായിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം, വൃക്കകള്‍, ശ്വാസകോശം, ഹൃദയം, കണ്ണുകള്‍ എന്നിവയെ ബാധിക്കുന്ന വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ വളരെക്കാലമായി നേരിടുകയായിരുന്നു. ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ നല്‍കിയിരുന്നത്.
വിദഗ്ധ ചികിത്സയ്ക്കായി ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നെങ്കിലും ആരോഗ്യസ്ഥിതി വഷളാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ.
ആരാണ് ഖാലിദ സിയ?
അവിഭക്ത ഇന്ത്യയിലെ ജല്‍പായ്ഗുരിയിലാണ് ഖാലിദ സിയ ജനിച്ചത്. സിയയുടെ പങ്കാളി ലെഫ്റ്റ്നന്റ് ജനറല്‍ സിയാവുര്‍ റഹ്‌മാന്‍ 1977 മുതല്‍ 1981ല്‍ കൊല്ലപ്പെടുന്നതുവരെ ബംഗ്ലാദേശിന്റെ പ്രസിഡന്റായിരുന്നു.
1991 ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി. രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത്.
1996ല്‍ സിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അവാമി ലീഗ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതിനാല്‍ ജയം അസാധുവായി. രണ്ടാം വട്ടം കേവലം 12 ദിവസം മാത്രമാണ് സിയയ്ക്ക് ഭരിക്കാന്‍ സാധിച്ചത്. അതിനു ശേഷം ഒരു കാവല്‍ സര്‍ക്കാരിനെ നയമിച്ച ശേഷം ജൂണില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍ ജൂണിലെ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ ബിഎന്‍പിക്ക് സാധിച്ചില്ല. വിജയം അവാമി ലീഗിനൊപ്പമായിരുന്നു. ഷെയ്ഖ് ഹസീന ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി.
അഞ്ച് വര്‍ഷത്തിനു ശേഷം ഖാലിദ സിയ വീണ്ടും അധികാരത്തിലെത്തി. ബിഎന്‍പിയും നാല് സഖ്യ കക്ഷികളും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. 2006 ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങിയ സിയ ഒരു വര്‍ഷത്തിനു ശേഷം അഴിമതി ആരോപണങ്ങളില്‍ അറസ്റ്റിലായി. എന്നല്‍, മുന്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റെന്ന് ആരോപിച്ചു.
2018ല്‍ സിയ അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരിയാണെന്ന് വിധി വന്നു. 17 വര്‍ഷമായിരുന്നു ശിക്ഷ. അതിനു ശേഷം സിയക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ നില തകര്‍ന്ന സിയ ശിക്ഷാ കാലാവധിയുടെ ഭൂരിഭാഗവും ആശുപത്രിയിലാണ് കഴിച്ചുകൂട്ടിയത്.
ഫോബ്സ് മാസിക ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഖാലിദ സിയയെ 2004-ൽ 14-ആം സ്ഥാനത്തും 2005-ൽ 29-ആം സ്ഥാനത്തും 2006-ൽ 33-ആം സ്ഥാനത്തും ഉൾപ്പെടുത്തിയിരുന്നു.



