You are Here : Home / ശുഭ വാര്‍ത്ത

ശാന്തിഗ്രാം ആയുർവേദയുടെ പത്താം വാർഷികാഘോഷം പ്രൗഢഗംഭീരമായി

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Sunday, February 04, 2018 03:45 hrs UTC

ന്യൂജഴ്‌സി∙ അമേരിക്കയിൽ ആയുർവേദ-പഞ്ചകർമ ചികിത്സാ സമ്പ്രദായങ്ങൾ പ്രചാരത്തിലെത്തിച്ചുകൊണ്ടു ശക്തമായി മുന്നേറുന്ന ശാന്തിഗ്രാം കേരള ആയുർവേദിക് കമ്പനി പ്രൗഢഗംഭീരമായ ചടങ്ങിൽ 10–ാം വാർഷികം ആഘോഷിച്ചു. ജനുവരി 20ന് ന്യൂജഴ്‌സിയിലെ എഡിസൺ ഹോട്ടൽ കോൺഫറൻസ് സെന്ററിൽ നടന്ന വാർഷികാഘോഷ പരിപാടികളിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖർ, ചേംബർ ഓഫ് കോമേഴ്‌സ് അംഗങ്ങൾ, ശാന്തിഗ്രാം കമ്പനി ഉപഭോക്താക്കൾ, ഓഹരി ഉടമകൾ, അഭ്യുദയകാംഷികൾ, സുഹൃത്തുക്കൾ എന്നിങ്ങനെ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. ന്യൂജഴ്‌സി സെനറ്റർ വിൻ ഗോപാൽ, ന്യൂജേഴ്‌സി സ്റ്റേറ്റ് യൂട്ടിലിറ്റി കമ്മിഷണർ ഉപേന്ദ്ര ചിവുക്കുള, യു എസ് കോൺഗ്രസ് സ്ഥാനാർഥി പീറ്റർ ജേക്കബ്, ടീവി ഏഷ്യ ചെയർമാൻ പദ്മശ്രീ എച്ച്.ആർ ഷാ, പരീഖ് വേൾഡ് വൈഡ് മീഡിയ ചെയർമാൻ പദ്മശ്രീ ഡോ.സുധീർ പരീഖ്, പ്രമുഖ ഡോക്ടർമാരും, എഡിസൺ ഹോട്ടൽ ഉടമകളുമായ ഡോ. സുധാൻഷു പ്രസാദ്, ഡോ. ബിനോദ് സിൻഹ, ഹെൽത്ത് ഇൻഷുറൻസ് കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റും എ ബി സി മെഡിക്കൽ കോഡിങ് സൊല്യൂഷൻസ് പ്രസിഡന്റുമായ മെലിന്ന ഗിയന്നിനി, ഇന്ത്യ എബ്രോഡ് സി ഒ ഒ രാജീവ് ഭാംബ്രി, ഇന്ത്യൻ പനോരമ എഡിറ്റർ ഇന്ദ്രജിത് സലൂജ, ചിന്മയ മിഷൻ ആചാര്യൻ സ്വാമി സിദ്ധാനന്ദ, ബോളിവുഡ് നടൻ ദീപക് പരാശർ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ശാന്തിഗ്രാം സ്ഥാപകരായ ഡോ. ഗോപിനാഥൻ നായരും, ഡോ. അംബിക നായരും നിലവിളക്കു കൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ശാന്തിഗ്രാം കടന്നു വന്ന വഴികളെക്കുറിച്ചു ഡോ. ഗോപിനാഥൻ നായർ സംസാരിച്ചു.

 

"ആയുർവേദത്തിന്റെ ഗുണങ്ങൾ ജനങ്ങളിൽ എത്തിക്കണം എന്ന ദൃഢനിശ്ചയവുമായി 2007 നവംബറിൽ അമേരിക്കയിയിൽ വന്നിറങ്ങിയപ്പോൾ മുതൽ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് ന്യൂജേഴ്‌സി, ന്യൂയോർക്, ടെക്സസ്, ഇലിനോയി, വിസ്കോൺസിൻ എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുവാൻ കഴിയുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. അർപ്പണമനോഭാവമുള്ള സ്റ്റാഫ് അംഗങ്ങളും കേരളത്തിലെ പരമ്പരാഗതമായ ആയുർവേദ ചികിസ്ത രീതികളിൽ ഉപഭോക്താക്കൾക്കു കൈവന്ന വിശ്വാസവുമാണ് ഈ വിജയത്തിന് പിന്നിൽ. നൂറുകണക്കിന് രോഗികൾ പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സ കൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നു. ഇൻഷുറൻസ് പരിമിതികൾ മൂലം കൂടുതൽ പേർക്ക് ഈയവസരം ലഭിക്കാതെ പോകുന്നതിൽ ഖേദമുണ്ട്, എങ്കിലും ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്, ഇൻഷുറൻസ് കവറേജ്‌ രോഗികൾക്ക് ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രയത്നത്തിൽ പുരോഗതിയുണ്ട്." ന്യൂജഴ്‌സി സെനറ്റിന്റെയും അസ്സംബ്ലിയുടെയും പുരസ്ക്കാരം സെനറ്റർ വിൻ ഗോപാൽ ശാന്തിഗ്രാം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റും ചീഫ് കൺസൾട്ടന്റുമായ ഡോ. അംബിക നായർ എന്നിവർക്ക് സമ്മാനിച്ചു.

 

കമ്പനിയുടെ വിജയകരമായ പ്രവർത്തനങ്ങളെ വിൻ ഗോപാൽ അഭിനന്ദിച്ചു. ശാന്തിഗ്രാമിന്റെ ആരംഭകാലം മുതൽ തങ്ങളുടെ വിജയത്തിനു വേണ്ടി സഹായിച്ച അറ്റോർണി ആനന്ദ് അഹൂജ, വിനയ് മഹാജൻ, അലക്സ് കോശി വിളനിലം, അനിയൻ ജോർജ്, ഷീല ശ്രീകുമാർ, അറ്റോർണി തോമസ് വിനു അലൻ, അറ്റോർണി റാം ചീരത്, സിപിഎ പി.കെ.രാമചന്ദ്രൻ, ഗുൽഷൻ ചാബ്ര, ഡോ. പ്രേം കുമാർ, ഡോ. സുധാൻഷു പ്രസാദ്, കമ്മിഷണർ ഉപേന്ദ്ര ചിവുക്കുള, ദിവംഗതരായ അശോക് ദിവാകറിന്റെയും ഡോ. ഷാക്കിർ മുഖിയുടെയും പ്രതിനിധികൾ എന്നിവരെ ഡോ. ഗോപിനാഥൻ നായരും, ഡോ. അംബിക നായരും പൊന്നാട അണിയിച്ചു. റീജ ബീഗം, ഷീന മോഹൻ, ജൂലി ജോയ്, നിഷാദ് ബാലൻ, മീനു കെ.മണി, പ്രദീപ് പിള്ള എന്നീ സ്റ്റാഫ് അംഗങ്ങളെയും കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ് മെലിന്ന ഗിയന്നിനിയെയും ആദരിച്ചു. ആയുർവേദത്തെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങൾ അടങ്ങിയ സുവനീർ പ്രകാശനം ചെയ്തു.ശാന്തിഗ്രാമിന്റെ പുതിയ പദ്ധതികളെക്കുറിച്ചു ഡോ. ഗോപിനാഥൻ നായർ വിശദീകരിച്ചു. ആയുർവേദ ട്രെയിനിങ് സ്കൂളിന് ന്യൂജേഴ്‌സി സ്റ്റേറ്റിന്റെ അനുമതി കിട്ടിക്കഴിഞ്ഞു. ഗുണമേന്മയുള്ള ആയുർവേദ ഉൽപ്പന്നങ്ങൾ ശാന്തിഗ്രാം ഹെർബൽസ് എന്ന ബ്രാൻഡിൽ മേരിക്കൻ വിപണിയിൽ എത്തിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളുടെ ചികിത്സക്കും ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും സഹായമെത്തിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് "ശാന്തിഗ്രാം ഫൗണ്ടേഷൻ" എന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഫൗണ്ടേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചു കൺസൾട്ടിങ് സ്പെഷലിസ്റ്റ് മെലിന്ന ഗിയന്നിനി വിശദീകരിച്ചപ്പോൾ സദസ്സിൽ നിന്നും ഒട്ടേറെപ്പേർ അതിനു പിന്തുണയുമായെത്തി.

 

ആയുർവേദം നിർദേശിക്കുന്ന ആഹാരക്രമങ്ങളും ജീവിതചര്യകളും ഡോ.ദാക്ഷായണി വിശദീകരിച്ചു. അലോപ്പതി ഡോക്ടറും ശാന്തിഗ്രാം വൈസ് പ്രസിഡന്റുമായ ഡോ. അനുരാഗ് നായർ, കാർഡിയോളോജിസ്‌റ് ഡോ. നിഷ പിള്ള എന്നിവർപാർശ്വഫലങ്ങൾ ഇല്ലാത്ത ആയുർവേദ ചികിസ്തയുടെ മേന്മയെപ്പറ്റി പ്രസംഗിച്ചു. പ്രശസ്ത ഗായിക അനിത കൃഷ്ണയും സംഘവും അവതരിപ്പിച്ച ഗാനമേള ഹൃദ്യമായി. ശാന്തിഗ്രാം വൈസ് പ്രസിഡന്റ് ബിനു നായർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. റെനസെന്റ് മീഡിയ പ്രസിഡന്റ് തൻവി പ്രണിത ചന്ദ്ര, എയ്ട് കെ റേഡിയോയുടെ കുൽരാജ് ആനന്ദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടീവി ഏഷ്യ ആങ്കർ സഞ്ജീവ് പണ്ട്യ, മിസിസ് ഭാരത് യു എസ് എ 2017 ആഞ്ചൽ പഹ്വ എന്നിവർ ആയിരുന്നു അവതാരകർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.