ലൂസിഫര്‍ ചെറിയ സിനിമയാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സിനിമയിലുള്ള കാര്യങ്ങള്‍ അധികമൊന്നും പറയാതിരുന്നുവെന്ന് മാത്രമേ ഉള്ളുവെന്നും പൃഥ്വിരാജ്. 'സിനിമയിറങ്ങി, സിനിമ കാണുമ്ബോള്‍ പ്രേക്ഷകര്‍ അറിയട്ടെ എന്ന് തീരുമാനിച്ചു. ചെറിയ സിനിമയാണ് എന്ന് പറഞ്ഞ ഒരു ഓര്‍മ്മ എനിക്കില്ല', കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത്, താന്‍ നായകനാവുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ലൂസിഫര്‍ വിജയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
'ലൂസിഫര്‍ നേടുന്ന വിജയത്തില്‍ വലിയ സന്തോഷം. മുന്‍പ് റിലീസ് ചെയ്യാത്ത മേഖലകളില്‍ റിലീസ് ചെയ്യുകയും അവിടെനിന്നൊക്കെ മികച്ച കളക്ഷന്‍ വരുകയും ചെയ്യുന്നത് മലയാള സിനിമയ്ക്ക് തന്നെ ഒരു പുതിയ അറിവാണ്. ഒരു സിനിമ അത്തരത്തില്‍ വരവേല്‍ക്കപ്പെടുമ്ബോള്‍ ഇന്റസ്ട്രിയിലുള്ള എല്ലാവര്‍ക്കും അത് ഗുണകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് കാരണമായ ലൂസിഫര്‍ എന്ന സിനിമ സൃഷ്ടിക്കാന്‍ എനിക്ക് സാധിച്ചതില്‍ ഒരുപാടൊരുപാട് സന്തോഷം. അതിന് എന്റെകൂടെ നിന്ന ഒരുപാട് പേരുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാളാണ് എന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍. ലാലേട്ടന്റെ ഒരു 'യെസ്സി'ല്‍ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. അവിടം മുതല്‍ ഇവിടെ എത്തിനില്‍ക്കുന്നത് വരെ ഒരുപാട് പേരുടെ സഹായവും പിന്തുണയും ഉണ്ടായിരുന്നു. ഒരു പുതുമുഖ സംവിധായകന് ഇത്രയും വലിയ വരവേല്‍പ്പ് തന്നതില്‍ ലോകമെമ്ബാടുമുള്ള മലയാള സിനിമാ പ്രേക്ഷകരോട് ഒരുപാട് നന്ദി', പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിന്റെ വിജയത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു. 'റിലീസിന് മുന്‍പ് മോഹന്‍ലാല്‍ സാര്‍ പറഞ്ഞിരുന്നു അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്ന്. അത് സത്യമായി സംഭവിച്ചിരിക്കുന്നെന്ന് സന്തോഷത്തോടെ അറിയിക്കുകയാണ്. മോഹന്‍ലാല്‍ സാറിനെ മലയാളികള്‍ എങ്ങനെ കാണണമെന്ന് ആഗ്രഹിച്ചോ അത് മനസിലാക്കിയാണ് രാജു ലൂസിഫര്‍ ചെയ്തിരിക്കുന്നത്', ആന്റണി പെരുമ്ബാവൂര്‍ പറയുന്നു.
Comments