സാരിയല്‍പ്പം 'ഓള്‍ഡാ'ണെങ്കിലും ഒപ്പമൊരു 'ന്യൂജെന്‍' ബ്ലൗസു കൂടിയുണ്ടെങ്കില്‍ തിളങ്ങാന്‍ മറ്റൊന്നും വേണ്ട. വേഷത്തിന്റെ മോഡിക്കൊപ്പം ട്രെന്‍ഡി ബ്ലൗസുകളും ഇന്ന് ഫാഷന്‍ ലോകത്തെ താരമാണ്. സ്ലീവുകളിലാണ് പുതുമ. ബ്ലൗസിന്റെ സ്ലീവുകളിലാണ് ഏറ്റവുമധികം ക്രിയേറ്റിവിറ്റി കണ്ടു വരുന്നത്. കണ്ണിനാകര്‍ഷണം തരുന്ന ഡിസൈനുകളും, അലങ്കാരപ്പണികളുമൊക്കെ ബ്ലൗസിന്റെ സ്ലീവുകളിലാണ് കാണപ്പെടുന്നത്. എതിനിക്, ഇന്തോ-വെസ്‌റ്റേണ്‍, വെസ്‌റ്റേണ്‍ എന്നിങ്ങനെ ഏതു തരം വേഷത്തിനൊപ്പവും പുതുമ നിറഞ്ഞ ആര്‍ട്ടിസ്റ്റിക് ബ്ലൗസുകള്‍ ഫാഷനാണ്.
ഫുള്‍ സ്ലീവുംഎംബ്രോഡറിയും
സബ്‌സയാച്ചി ഡിസൈനര്‍ സാരിയുമായി തിളങ്ങിയ ഒരുപാട് സെലിബ്രിറ്റികളുണ്ട്. ഇതില്‍ ഫ്‌ളോറല്‍ ഡിസൈനും നെറ്റുമൊക്കെ ചെയ്യാറുണ്ട്, കരിഗരി വര്‍ക്കുകളും ചിലരെ ഇതിലേക്ക് ആകര്‍ഷിക്കാറുണ്ട്. തോളു മുതല്‍ കൈയറ്റം വരെയുള്ള സ്ലീവും ഹാഫ് സ്ലീവുമൊക്കെ ഇതിന്റെ ഹൈലൈറ്റാണ്. പ്ലെയിന്‍ വൈറ്റ് എംബ്രോഡറി വര്‍ക്കുകള്‍ തോള്‍ മുതല്‍ കൈയറ്റം വരെ നല്‍കി, അതിനൊപ്പം ഡാര്‍ക്ക് ഷെയ്ഡ് ഇന്നര്‍ പോര്‍ഷനും കൊടുക്കുമ്പോള്‍ ദിവാ ലുക്ക് കിട്ടും. നെറ്റ് സാരിയാണ് ഇതിനൊപ്പം കൂടുതല്‍ ഭംഗി. പാര്‍ട്ടികളിലും അവാര്‍ഡ് നിശകളിലും മാത്രമല്ല ദക്ഷിണേന്ത്യയിലെ വിവാഹ സാരി ബ്ലൗസില്‍ പോലും ഇത് ട്രെന്‍ഡായി കഴിഞ്ഞിരിക്കുന്നു.
'ഹൈനെക്ക് ബ്ലൗസ്
സ്‌റ്റൈലിഷ് ഹൈനെക്ക് ബ്ലൗസ് ഫാഷന്‍ ലോകത്തെ പുതുപുത്തന്‍ ട്രെന്‍ഡാണ്. ഷീര്‍ ഫാബ്രിക്, പേള്‍ വര്‍ക്ക്, ത്രെഡ് വര്‍ക്ക്, ബീഡ്‌സ്, മിറര്‍, ലേസ് വര്‍ക്ക് എന്നിവയാണ് ഹൈനെക്ക് ബ്ലൗസിന്റെ പ്രത്യേകത. നീളമുള്ളവര്‍ക്കാണ് ഈ ഡിസൈന്‍ കൂടുതല്‍ ചേരുക. സാരിയില്‍ ഞൊറിവുകള്‍ ഇല്ലാതെയും നേര്‍ത്ത ഞൊറിവുകളെടുത്തും ഈ ഡിസൈനൊപ്പം സാരി ധരിക്കാം. ഇതിനൊപ്പം നെക്ക്‌ലൈസും മറ്റ് ചെയിനുകളും ഒഴിവാക്കുന്നതാണ് ഉത്തമം. വലിയ ജിമുക്കികളാണ് ഇതിനൊപ്പം ചേരുന്നത്.
മെറ്റാലിക് സ്ലീവ്
മുന്‍ ഭാഗം കഴുത്തിനോട് ചേര്‍ന്നു കിടക്കുന്ന ഷീന്‍ സ്ലീവ് ബ്ലൗസുകള്‍ പുതിയ താരമാണ്. അതില്‍ മെറ്റാലിക് വര്‍ക്കുകള്‍ കൂടിയുള്ളതാണ് പുത്തന്‍ തരംഗം. കൈപ്പത്തിയോട് ചേരുന്ന ഭാഗത്തും കഴുത്തിനു പിറകിലുമാണ് മെറ്റാലിക്ക് വര്‍ക്കുകള്‍ നല്‍കുന്നത്. മെറ്റാലിക് ബ്ലൗസിനൊപ്പം കോക്ക്‌ടെയില്‍ സാരിയാണ് ഭംഗി. ന്യൂട്രല്‍ ടോണിലുള്ള കമ്മലുകളും പേള്‍ ആഭരണങ്ങളുമാണ് ഇതിനൊപ്പം ഉത്തമം. നെക്ക് പീസും ബാംഗിള്‍സും മെറ്റാലിക് ഡിസൈനിലുള്ളതായാല്‍ എലഗന്റ് ലുക്കാകും. പിറകില്‍ ഇറക്കമുള്ള കഴുത്തുവട്ടം കൂടി നല്‍കുന്നതാണ് ഇതിന്റെ പുതിയ ഔട്ട്‌ലുക്ക്. പ്ലെയിന്‍ സാരിയ്‌ക്കൊപ്പവും ഹെവി വര്‍ക്കില്ലാത്ത സാരിക്കൊപ്പവുമാണ് മെറ്റല്‍ വര്‍ക്കുള്ള ബ്ലൗസുകള്‍ കൂടുതല്‍ ഭംഗിയാവുക.
Comments