ലോര്‍ഡ്സ് ടെസ്റ്റിൽ ലീഡ് പ്രതീക്ഷയിൽ ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്. ഉച്ചഭക്ഷണ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഋഷഭ് പന്ത് റണ്ണൗട്ടായി. 112 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 74 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.
നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് താരം മടങ്ങിയത്. 98* റണ്‍സുമായി കെ.എല്‍ രാഹുല്‍ ക്രീസിലുണ്ട്. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്ത പന്തിനെ ബെന്‍ സ്റ്റോക്ക്‌സാണ് റണ്ണൗട്ടാക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 139 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ (13) നഷ്ടമായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. രണ്ടാം വിക്കറ്റ് നഷ്ടമാകുമ്പോൾ 62 പന്തില്‍ നിന്ന് 40 റണ്‍സായിരുന്നു കരുൺ നായരുടെ സമ്പാദ്യം.
രണ്ടാം വിക്കറ്റില്‍ രാഹുല്‍ – കരുണ്‍ സഖ്യം 61 റണ്‍സ് ചേര്‍ത്തിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍, ക്രിസ് വോക്‌സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ബെൻ സ്‌ട്രോക്സ് ക്രിസ് വോക്‌സ് ജോഫ്രാ ആർച്ചർ എന്നിവർക്കാണ് വിക്കറ്റുകൾ.