ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ച ‘മാനവിക നഗരം’ എന്ന ആശയത്തെ വിമർശിച്ച് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെർട്ട്. റഫയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പടുത്തുയർത്തുമെന്ന് ഇസ്രയേല്‍ കാറ്റ്സ് പ്രഖ്യാപിച്ച നഗരം പലസ്തീനികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളായിരിക്കുമെന്നും അതുവഴി വംശീയ ഉന്‍മൂലനമാകും നടക്കുക എന്നും എഹുദ് ഓള്‍മെർട്ട് വ്യക്തമാക്കി.
ഇസ്രയേല്‍ ഇപ്പോള്‍ തന്നെ ഗാസയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുണ്ടെന്നും ക്യാംപ് നിർമിക്കുന്നത് ഇത് വർധിക്കാന്‍ കാരണമാകും എന്നും എഹുദ് ഓൾമെർട്ട് പറഞ്ഞു. “അതൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാംപാണ്. എന്നോട് ക്ഷമിക്കണം,” ഓള്‍മെർട്ട് പറഞ്ഞു.
പലസ്തീനികളെ ഗാസ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി തെക്കൻ ഗാസയുടെ അവശിഷ്ടങ്ങളിൽ ഒരു ‘മാനവിക നഗരം’ നിർമിക്കുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ കാറ്റ്സ് സൈന്യത്തോട് ഉത്തരവിട്ടു. തുടക്കത്തിൽ 600,000 ആളുകളെ പാർപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലാകും ഈ നഗരം നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മുഴുവൻ പലസ്തീൻ ജനതയെയും ഇവിടേക്ക് മാറ്റി പാർപ്പിക്കാനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാറ്റ്സ് ക്യാംപിനായി ഉദ്ദേശിക്കുന്ന പ്രദേശത്ത് നിന്ന് പിന്മാറാൻ ഇസ്രയേൽ വിസമ്മതിക്കുന്നത് ഗാസയിലെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ മന്ദഗതിയിലാകുന്നതായാണ് ഇസ്രയേൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഇസ്രയേലിന്റെ ഇപ്പോഴത്തെ ഗാസയിലെ പ്രവർത്തനങ്ങളെ വംശീയ ഉന്മൂലനമായി ഓൾമെർട്ട് കണക്കാക്കുന്നില്ല. യുദ്ധത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സാധാരണക്കാരെ ഒഴിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം നിയമപരമാണെന്നാണ് എഹുദ് ഓള്‍മെർട്ടിന്റെ വാദം. ഇതൊടൊപ്പം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് യുദ്ധക്കുറ്റങ്ങൾക്ക് അറസ്റ്റ് വാറണ്ട് നിലവിലുള്ള നെതന്യാഹു, ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തത് തന്നെ സ്തബ്ധനാക്കിയെന്നും ഓൾമെർട്ട് പറഞ്ഞു.
2006 മുതല്‍ 2009 വരെ ഇസ്രയേലിനെ നയിച്ച നേതാവാണ് എഹുദ് ഓൾമെർട്ട് . ഇസ്രയേല്‍- പലസ്തീന്‍ സംഘർഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വക്തവാണ് ഓൾമെർട്ട്. മുൻ പലസ്തീൻ വിദേശകാര്യ മന്ത്രി നാസർ അൽ-കിദ്‌വയുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തിലൊരു പരിഹാരം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി.