നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യെമെനില്‍ നടപ്പാക്കാനിരിക്കെ വിഷയത്തില്‍ ഇടപെടാനുള്ള പരിമിതി വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു. ദിയാധനം സ്വകാര്യ ഇടപെടലാണെന്നും മറ്റൊരു രാജ്യത്തെ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നും അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.
ദിയാധനം കുടുംബം സ്വീകരിക്കാതെ മറ്റ് മാര്‍ഗമില്ലെന്നും ദൗഭാഗ്യകരമായ സംഭവമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്. നല്ലത് സംഭവിക്കട്ടെയെന്ന് പറഞ്ഞ കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി വെള്ളിയാഴച പരിഗണിക്കാന്‍ മാറ്റി.
യെമെൻ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ 2017 ജൂലായില്‍ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. വധശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. ഇതിനിടെ വധശിക്ഷ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ യെമന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.