യെമൻ ജയിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ഊർജിതം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതിയുള്ള യെമനിൽ വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് അനുനയനീക്കം.
പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയാണ് ചർച്ചകൾ പുരോഗിമിക്കുന്നത്. യെമൻ ഭരണകൂടത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്. ദയാധനം സ്വീകരിച്ച് മാപ്പുനൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്നാണ് തലാൽ കുടുംബത്തോട് കാന്തപുരം ബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടിട്ടുള്ളത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ നിലപാട് നിർണായകമാകും.
ഉന്നത ഇടപെടൽ ഉണ്ടായതോടെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും മറ്റും മതപ്രതിനിധികളും, യെമൻ ഭരണകൂടവും യോഗം ചേരുകയും വിഷയം ചർച്ച ചെയ്യുകയുമായിരുന്നു. ഇതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ തത്കാലം മാറ്റിവെക്കുന്നതിന് തീരുമാനം ഉണ്ടാകുന്നത്.