തമിഴ്നാട്ടിലെ വണ്ടലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിഹം തിരിച്ചെത്തി. സഫാരി സോണിൽ കാണാതായ ഷേർയാർ എന്ന സിംഹം വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു. ഇന്നലെയാണ് ഷേർയാറിനെ വണ്ടല്ലൂരിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്ന് കാണാതായത്. സഫാരി സോണിൽ നടത്തിയ ഡ്രോൺ പരിശോധനയിലും തെർമൽ സ്കാനിങ്ങിലും സിംഹത്തെ കണ്ടെത്തിയിരുന്നെങ്കിലും തിരികെയെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
മൃഗശാലയിൽ നിന്ന് സഫാരി മേഖലയിലേക്ക് തുറന്നുവിട്ട സമയത്താണ് ഷേർയാർ ഓടിപ്പോയത്. രാത്രി മുഴുവൻ മൃഗശാല ജീവനക്കാർ തെരഞ്ഞെങ്കിലും സിംഹത്തെ കണ്ടെത്താനായില്ല. പ്രത്യേക സംഘവും തെരച്ചിലിനെത്തിയിരുന്നു. അഞ്ചുവയസുള്ള ഷേർയാറെ പതിവാസി സഫാരി മേഖലയിൽ തുറന്നുവിടാറുണ്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം സിംഹം കൂട്ടിൽ തിരിച്ചെത്തിയില്ല. കാൽപ്പാടുകൾ ഉൾപ്പെടെ നിരീക്ഷിച്ചാണ് ഷേർയാറെ തെരഞ്ഞെത്.
ജനവാസ മേഖലയിൽ ഇറങ്ങി സിംഹം ആക്രമണം നടത്തുമോ എന്ന ഭിതിയിലായിരുന്നു ജനങ്ങളും അധികൃതരും. ബെംഗളൂരുവിലെ ബന്നേർഘട്ട മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന സിംഹത്തെ തമിഴ് നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്നു. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലാണ് അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത്. 1500 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പാർക്കിൽ 2400 പക്ഷി മൃഗാദികളുണ്ട്.