തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിൻ്റെ ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള ഓഫർ താന്‍ നിരസിച്ചുവെന്ന് രാഷ്ട്രീയപ്രവർത്തകനും ബിസിനസുകാരനുമായ മല്ല റെഡ്ഡി. ‘ഉസ്താദ് ഭഗത് സിംഗ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ഹരീഷ് ശങ്കർ മൂന്ന് കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് മല്ലാ റെഡ്ഡി പറയുന്നത്. തെലുങ്ക് സിനിമാ ഇവന്റുകളില്‍ സ്ഥിരം സാന്നിധ്യമാണ് മല്ല റെഡ്ഡി.
ടിവി9 ന് നല്‍കിയ അഭിമുഖത്തിലാണ് മല്ല റെഡ്ഡി ഈ അവകാശവാദം ഉന്നയിച്ചത്. തെലുങ്ക് സിനിമയുമായി തനിക്കുള്ള ബന്ധവും പവന്‍ കല്യാണ്‍ ചിത്രത്തില്‍ ലഭിച്ച അവസരം നിരസിക്കാനുള്ള കാരണവും മല്ല റെഡ്ഡി വ്യക്തമാക്കി.
“പവൻ കല്യാണ്‍ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ ഹരീഷ് ശങ്കർ എന്നെ സമീപിച്ചു. ഒരു മണിക്കൂർ അദ്ദേഹം എന്നോട് സംസാരിച്ചു, മൂന്ന് കോടി രൂപ പ്രതിഫലം പോലും വാഗ്ദാനം ചെയ്തു. വില്ലനായി അഭിനയിക്കാൻ എനിക്ക് താൽപ്പര്യമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. വില്ലനായി അഭിനയിച്ചാൽ ഇന്റർവെല്‍ വരെ നായകനോട് ആക്രോശിക്കണം. സിനിമയുടെ രണ്ടാം പകുതിയിൽ തല്ലും കൊള്ളണം,” മല്ല റെഡ്ഡിയുടെ മറുപടിയില്‍ അഭിമുഖം നടത്തിയ ആള്‍ പോലും ചിരിച്ചുപോയി.
ഇതാദ്യമായല്ല മല്ല റെഡ്ഡി ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്നത്. 2023ല്‍ മറ്റൊരു സിനിമയുടെ ടീസർ ലോഞ്ച് പരിപാടിയില്‍ ഒന്നര മണിക്കൂർ ഹരീഷ് ശങ്കർ തന്നെ വില്ലന്‍ വേഷം ചെയ്യണമെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞിരുന്നു. അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും നായക വേഷങ്ങള്‍ക്ക് താന്‍ അനുയോജ്യനല്ലെന്നും മല്ല റെഡ്ഡി കൂട്ടിച്ചേർത്തു.
മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച് ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഉസ്താദ് ഭഗത് സിംഗില്‍’ പവൻ കല്യാണും ശ്രീലീലയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2016ല്‍ ഇറങ്ങിയ ആറ്റ്‌ലി ചിത്രം ‘തെറി’യുടെ റീമേക്കാണ് ഈ ചിത്രം എന്നാണ് റിപ്പോർട്ടുകള്‍. 2026ല്‍ ആകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക. നിലവില്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയാണ് പവന്‍ കല്യാണ്‍. താരത്തിന്റെ ‘ദേ കോള്‍ ഹിം ഒജി’ വന്‍ കളക്ഷനോടെ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.