കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. ഇതോടെ എഐ ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. സോഫ്റ്റ്‌വെയർ മനസിൽ തോന്നിയ സ്വപ്നമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എഐ ആപ്ലിക്കേഷൻ വരുന്നതോടെ ഒരു ദിവസം 45% നഷ്ടം കുറയും. വരവ് ചെലവ് കണക്കുകൾ, ലാഭം നഷ്ടം എല്ലാം പെട്ടന്ന് അറിയാം. ഇതിനായി മറ്റൊരു സോഫ്റ്റ്‌വെയർ കൂടി ഉടൻ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രാ കാർഡും കെഎസ്ആർടിസി പുറത്തിറക്കി. ഹാപ്പി ലോങ് ലൈഫ് എന്ന പേരിലുള്ള കാർഡാണ് പുറത്തിറക്കിയത്. രോഗിയാണെന്ന വിവരം കാർഡിൽ രേഖപ്പെടുത്തുകയില്ലെന്നും മന്ത്രി അറിയിച്ചു.
വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസിയെ ഉയർത്തിയെടുത്തത്. അതിനെ തകർക്കാതിരിക്കണമെന്നും മന്ത്രി പറഞ്ഞു. അനാവശ്യ ചെലവുകൾ ഒഴിവാക്കി വൃത്തിയായി കൊണ്ടുപോവുകയാണ് ലക്ഷ്യം. അങ്ങനെയാവുമ്പോൾ ചില ചെലവ് ചുരുക്കലുകൾ ഉണ്ടാകും. വലിയ സർക്കസ് കാണിച്ചാണ് മുന്നോട്ടുപോകുന്നത്. അത് പൊളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും കെ.ബി. ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.



