ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്, ന്യൂയോർക്ക് മേയർ സൊഹ്റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്. വെെെറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക. മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ഇരുനേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.
അടുത്ത വർഷം, ജനുവരി ഒന്നിനാണ് മംദാനി മേയറായി ചുമതലയേല്‍ക്കുക. നിലവില്‍ ട്രാന്‍സിഷന്‍ ടീമിനൊപ്പം, സിറ്റി കൗണ്‍സില്‍ പ്രവർത്തനങ്ങളുടെ ഏകോപനം പുരോഗമിക്കുകയാണ്. ന്യൂയോർക്കിന്‍റെ പുരോഗതിക്കായി ട്രംപ് ഉള്‍പ്പടെ ആരുമായും പ്രവർത്തിക്കാന്‍ തയ്യാറാണെന്ന് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ കമ്മ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ “ക്വാമെ” മംദാനി ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഇതിനെപ്പറ്റി ട്രംപിൻ്റെ പ്രതികരണം.
മേയർ തെരഞ്ഞെടുപ്പിന് മുമ്പ് മംദാനിയെ അതിരൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിൻ്റെ സമ്പൂർണവുമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച ട്രംപിനെ തൻ്റെ വിജയ പ്രസംഗത്തിൽ മംദാനിയും വെല്ലുവിളിച്ചിരുന്നു. ന്യൂയോർക്ക് കുടിയേറ്റക്കാരാൽ ശക്തിപ്പെടുത്തപ്പെടുമെന്നും, ഒരു കുടിയേറ്റക്കാരനാണ് നയിക്കാൻ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വെല്ലുവിളി.
റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും രാഷ്ട്രീയ പ്രമുഖനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചയാളുമായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വംശജനായ മംദാനി പ്രശസ്ത ചലച്ചിത്ര പ്രവർത്തക മീര നായരുടെയും കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ മഹ്മൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ചു വളർന്ന അദ്ദേഹം ഏഴ് വയസുള്ളപ്പോളാണ് കുടുംബത്തോടൊപ്പം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറിയത്. അടുത്തിടെയാണ്, മംദാനി യുഎസ് പൗരത്വം നേടിയത്.



