തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. തമൻ എസ് ചിട്ടപ്പെടുത്തിയ മാസ് പശ്ചാത്തല സംഗീതത്തിൽ പവർപാക്ക്ഡ് ട്രെയ്‌ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക് എന്നിങ്ങനെ മതവും രാഷ്ട്രീയവും ദേശീയതയും കൂടിക്കുഴഞ്ഞ വിധമാണ് ബാലയ്യയുടെ സംഭാഷണങ്ങൾ.
2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മലയാളി താരം സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക.
ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. അഖണ്ഡയുടെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസറും ബ്ലാസ്റ്റിംഗ് റോർ വീഡിയോയും ഇപ്പോൾ പുറത്തു വന്ന ട്രെയ്‌ലറും കാണിച്ചു തരുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.



