ഡിസൈനിലായാലും എൻജിനിലായാലും സേഫ്റ്റിയിലായാലും അത്ഭുതങ്ങൾ തീർത്ത ടാറ്റ മോട്ടോർസിൻ്റെ ന്യൂജെൻ എസ്‌യുവി കാർ മോഡലായ സിയറയുടെ വിലയുടെ കാര്യത്തിലും ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നീ 7 വേരിയൻ്റുകളിലാണ് സിയറ ലഭ്യമാകുന്നത്. 11.49 ലക്ഷം രൂപയാണ് സിയറയുടെ പ്രാരംഭ എക്സ്ഷോറൂം വില.
സിയറയുടെ ഓരോരോ വേരിയൻ്റുകളുടേയും വില പ്രഖ്യാപനം നടന്നുവരുന്നതേയുള്ളൂ. സിയറയുടെ പ്യുവര്‍, പ്യുവര്‍ പ്ലസ് ട്രിമ്മുകൾക്ക് 12.99 ലക്ഷം രൂപ മുതലും, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ് ട്രിമ്മുകൾക്ക് 15.29 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. ഇപ്പോഴിതാ പുതിയ സിയറയുടെ ടോപ്പ് വേരിയൻ്റായ അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് വേരിയൻ്റുകളുടെ വില വിവരങ്ങളും ടാറ്റ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. നവംബർ 25ന് മിഡ് സൈസ് എസ്‌യുവി പുറത്തിറക്കിയ ശേഷം വിലകൾ ഘട്ടം ഘട്ടമായാണ് കമ്പനി വെളിപ്പെടുത്തുന്നത്.
ഇതോടെ സിയറ സീരീസിൻ്റെ പൂർണ വില വിവരങ്ങൾ പുറത്തുവന്നു. ടാറ്റ സിയറയുടെ അക്കംപ്ലിഷ്‌ഡ് 1.5 ലിറ്റർ പെട്രോൾ മാനുവൽ വേരിയൻ്റിന് 17.99 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം, അക്കംപ്ലിഷ്‌ഡ് ടർബോ ഓട്ടോമാറ്റിക്കിന് 19.99 ലക്ഷവും, അക്കംപ്ലിഷ്‌ഡ് പ്ലസ് ഓട്ടോമാറ്റിക്കിന് 20.99 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.
ടാറ്റ സിയറ അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ മാനുവലിന് 18.99 ലക്ഷവും, അക്കംപ്ലിഷ്‌ഡ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 20.29 ലക്ഷവുമാണ് എക്സ്ഷോറൂം വില. അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ മാനുവലിന് 19.99 ലക്ഷവും, അക്കംപ്ലിഷ്‌ഡ് പ്ലസ് 1.5 ഡീസൽ ഓട്ടോമാറ്റിക്കിന് 21.29 ലക്ഷവും വില നൽകണം.
സിയറയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായുള്ളത്. ആദ്യത്തേത് 106 bhp പവറുള്ള 1.5 ലിറ്റർ NA പെട്രോളാണ്. രണ്ടാമത്തേത് 116 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസലാണ്. അതേസമയം മൂന്നാമത്തേത് 160 bhp പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്.
അക്കംപ്ലിഷ്ഡ് ട്രിം ലെവലിൽ 1.5 ലിറ്റർ NA പെട്രോൾ DCT ഒഴികെയുള്ള എല്ലാ എഞ്ചിൻ ഓപ്ഷനുകളിലും സിയറ ലഭ്യമാണ്. അതേസമയം സിയറ അക്കംപ്ലഷ്ഡ് പ്ലസ് പതിപ്പുകളിൽ 1.5 ലിറ്റർ NA എഞ്ചിൻ പൂർണമായും ഒഴിവാക്കി ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് മുമ്പോട്ട് കൊണ്ടുപോവുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ അക്കംപ്ലിഷ്ഡ് ട്രിമിൽ ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS, പാഡിൽ ലാംപുകൾ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാവും.



