ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി ഉടൻ തീരുമാനിക്കും. ദക്ഷിണേന്ത്യയിൽ അധികാരം പിടിക്കുക എന്ന മഹാ ദൗത്യമാണ് പുതിയ ബിജെപി അധ്യക്ഷൻ നിതിൻ നബിന് മുന്നിൽ ഉള്ളത്. ചുമതലയേറ്റത്തിന് പിന്നാലെ ബിജെപി അധ്യക്ഷനെ കാത്തിരിക്കുന്നത് കേരളം തമിഴ്നാട്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്.
കേരളത്തിൽ നിന്ന് ലോക്സഭയിൽ ഒരു സീറ്റും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു കോർപ്പറേഷന്റെ അധികാരവും ലഭിച്ചത് പാർട്ടിക്ക് മേൽക്കൈ ആയിരിക്കെ ഇനി വേണ്ടത് നിയമസഭയിൽ അംഗബലം. ഈ സാഹചര്യത്തിൽ പ്രവർത്തകരിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനാണ് പാർട്ടി അധ്യക്ഷൻ നിതിൻ നബിന്റെ കേരള സന്ദർശനം എന്ന് ബിജെപി സംസ്ഥാന നേതൃത്വം. ആദ്യ സന്ദർശനം കോർപ്പറേഷൻ അധികാരം നേടിയ തിരുവനന്തപുരത്ത് ആയിരിക്കും എന്നും സൂചന ഉണ്ട്. ഉടൻ കേരളത്തിൽ എത്തും എന്ന ഉറപ്പ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. സന്ദർശന വേളയിൽ സംസ്ഥാന നേതാക്കളുമായി നിർണായക യോഗവും ദേശീയ അധ്യക്ഷൻ ചേരും. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള ആദ്യ യോഗം ഇന്ന് ഡൽഹിയിൽ ചേർന്നു.യോഗത്തിൽ പ്രഭാരിമാരും, സംസ്ഥാന അധ്യക്ഷൻ മാരും, ചില മുൻ അധ്യക്ഷന്മാരും പങ്കെടുത്തു.കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ളവരാണ് പങ്കെടുത്തത്.



