മീര-ഭായന്ദറിൽ പുതുതായി നിർമ്മിച്ച ഫ്ലൈഓവറിന്‍റെ രൂപകല്‍പ്പനയെചൊല്ലി വിവാദം. മെട്രോ ലൈൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലൈഓവർ ഒരുഭാഗത്ത് എത്തുമ്പോല്‍ നാലുവരി പാതയില്‍ നിന്ന് രണ്ടുവരി പാതയായി മാറുന്ന വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.
മഹാരാഷ്ട്രയുടെ എഞ്ചിനീയറിങ് അത്ഭുതം എന്ന് പരിഹസിച്ച കോൺഗ്രസ്, അവരുടെ ഓദ്യോഗിക എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവയ്‌ക്കുകയും ചെയ്തു. അതേസമയം, രൂപകല്‍പ്പനയില്‍ പിഴവില്ല എന്നും മേഖലയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ യാത്ര സുഗമമാക്കുകയാണ് ഫ്ലൈഓവറിന്‍റെ ലക്ഷ്യമെന്നും മുംബൈ മെട്രോപൊളിറ്റൻ അതോറിറ്റി വിശദീകരിച്ചു.
സർക്കാരിന് കീഴിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളിലെ പിഴവ് സാധാരണമാണെന്നും, അവർക്ക് പൊതു സുരക്ഷയുടെ കാര്യത്തിൽ അതിന് ഉത്തരവാദിത്തമില്ലെന്നുംകോൺഗ്രസ് ചൂണ്ടിക്കാട്ടി. ബിജെപി സർക്കാരുകൾക്ക് കീഴിൽ ഇത്തരം മാരകമായ അത്ഭുതങ്ങൾ സാധാരണമായിരിക്കുന്നു എന്നും ഈ തീരുമാനങ്ങൾ ദുരിതത്തിനും മരണത്തിനും കാരണമായിട്ടുണ്ട് എന്നും കോൺഗ്രസ് വാദിച്ചു. ആളുകൾ ദുരിതത്തിലായാലും അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടാലും, സർക്കാരിന് അത് പ്രശ്നമല്ല. അവർക്ക് അതിൽ ഉത്തരവാദിത്തം പോലും ഇല്ലാ എന്നും കോൺഗ്രസ് വിമർശിച്ചു.



