തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’ മാറുകയാണ്. നിറഞ്ഞ സദസുകളും പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളും ചിത്രത്തിന് വലിയ മുന്നേറ്റമാണ് നൽകുന്നത്. കേരളത്തിന് പുറത്തേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് (ജനുവരി 30ന്) റിലീസ് ചെയ്യും.
പ്രേക്ഷകരോടൊപ്പം പ്രമുഖ ചലച്ചിത്ര നിരൂപകരും ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ്. “ചത്താ പച്ച അതീവ ആസ്വാദ്യകരമായ ചിത്രമാണ്” എന്നാണ് പ്രശസ്ത നിരൂപക അനുപമ ചോപ്ര അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ഊർജസ്വലമായ അവതരണം, ശ്രദ്ധേയമായ കഥാപാത്രങ്ങൾ, അഭിനേതാക്കളുടെ പ്രകടനം എന്നിവയ്ക്ക് അവർ പ്രത്യേക അഭിനന്ദനം അറിയിച്ചു. റെസിലിങ് രംഗങ്ങളിലെ സ്വാഭാവികതയും സൗഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും വൈകാരിക തലങ്ങളും സിനിമയിൽ മനോഹരമായി സമന്വയിപ്പിച്ചതിന് സംവിധായകൻ അദ്വൈത് നായരെ അനുപമ പ്രശംസിച്ചു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുടെ പ്രകടനവും സിനിമയുടെ വലിയ ശക്തിയാണെന്നും അനുപമ ചോപ്ര കൂട്ടിച്ചേർത്തു.
റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളിൽ 31.05 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. കേരളത്തിലെ തിയേറ്ററുകളിലെ മികച്ച തിരക്ക് പരിഗണിക്കുമ്പോൾ, 2026ലെ മലയാള സിനിമയിലെ ആദ്യത്തെ വൻ വിജയമായി ‘ചത്താ പച്ച’ മാറിക്കഴിഞ്ഞു. തമിഴ്, തെലുങ്ക് റിലീസുകൾ കൂടി എത്തുന്നതോടെ ദക്ഷിണേന്ത്യയിലുടനീളം ചിത്രം വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
റീൽ വേൾഡ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ അദ്വൈത് നായരാണ് സംവിധാനം. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം വാൾട്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗുസ്തി പ്രമേയമായ ഈ മാസ് ആക്ഷൻ ചിത്രം മലയാള സിനിമയ്ക്ക് 2026ൽ മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്.
വേഫെറർ ഫിലിംസ് (കേരളം), മൈത്രി മൂവി മേക്കേഴ്സ് (തെലങ്കാന & ഹൈദരാബാദ്), പിവിആർ ഐനോക്സ് പിക്ചേഴ്സ് (തമിഴ്നാട് & കർണാടക), ധർമ പ്രൊഡക്ഷൻസ് (ഉത്തരേന്ത്യ), പ്ലോട്ട് പിക്ചേഴ്സ് (ആഗോളതലത്തിൽ) എന്നിവരാണ് ചിത്രത്തിന്റെ വിതരണക്കാർ.
പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ–എഹ്സാൻ–ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നൽകിയ ചിത്രം കൂടിയാണിത്. ചിത്രത്തിലെ നാല് ഗാനങ്ങളും ഇതിനോടകം തന്നെ ചാർട്ട്‌ബസ്റ്ററുകളായി മാറിയിട്ടുണ്ട്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നു. ടി സീരീസിനാണ് ചിത്രത്തിന്റെ സംഗീതാവകാശങ്ങൾ.
സാങ്കേതികമായും ചിത്രം ഉയർന്ന നിലവാരം പുലർത്തുന്നു. ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, വിനായക് ശശികുമാറിന്റെ ഗാനരചന എന്നിവയും ശ്രദ്ധേയമാണ്. കലൈ കിംഗ്‌സൺ ഒരുക്കിയ സംഘട്ടന രംഗങ്ങൾ ചിത്രത്തെ ഒരു വിഷ്വൽ ട്രീറ്റാക്കി മാറ്റുന്നു.
ബോക്സ് ഓഫീസ് വിജയവും മികച്ച നിരൂപണങ്ങളും പുതിയ ഭാഷകളിലേക്കുള്ള ചുവടുവെപ്പും ഒരുമിക്കുമ്പോൾ, ‘ചത്താ പച്ച’ ലോകമെമ്പാടും ഉള്ള മലയാള സിനിമ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്. ‘ചത്താ പച്ച’യോട് കൂടി 2026 ലെ സിനിമ കലണ്ടറിൽ ഒരു മികച്ച ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്.




