ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍. റെഡ്ക്രോസ് വഴിയാണ് മൃതദേഹങ്ങള്‍ കൈമാറിയത്. മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുകയും വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്ത മാസങ്ങൾ നീണ്ട പ്രവർത്തനത്തിന്റെ പൂർത്തീകരണമാണിതെന്ന് ഐസിആർസി പ്രസ്താവനയിൽ പറഞ്ഞു. യുഎസ് സ്പോൺസർ ചെയ്ത ഗാസ വെടിനിർത്തൽ കരാർ പ്രകാരം, മരിച്ച ഓരോ ഇസ്രയേൽ പൗരനും പകരമായി 15 പലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകണമായിരുന്നു.
ഗാസയിൽ തടവിലാക്കപ്പെട്ട അവസാനത്തെ ബന്ദിയായ റാൻ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങൾ തിങ്കളാഴ്ചയാണ് ഇസ്രയേൽ സൈന്യം നാട്ടിലേക്ക് കൊണ്ടുവന്നത്. ഗാസ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്ന 2025 ഒക്ടോബറിന് ശേഷം 99 പലസ്തീനി തടവുകാരുടെ മൃതശരീരങ്ങളാണ് ഇസ്രയേല്‍ കൈമാറിയത്. ഇതില്‍ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനാകാതെ കൂട്ടകുഴിമാടങ്ങളില്‍ മറവുചെയ്യേണ്ട നിലയുണ്ടായിരുന്നു.
ഇതിനിടെ കിഴക്ക് ഖാന്‍ യൂനിസിലും മധ്യഗാസയിലുമായി മൂന്ന് പലസ്തീനികള്‍ ഇസ്രയേലി സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 490 ആയെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.2023 ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ ഇസ്രയേൽ സൈന്യം 71,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്.



