ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് ഏറെ നാളായി ആരാധകർക്ക് ഇടയിൽ സംസാരവിഷയം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി യുവ സംവിധായകരുടെ പേരുകൾ ഈ ബിഗ് ബജറ്റ് പ്രൊജക്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. നെൽസൺ ദിലീപ് കുമാറാകും ഈ രജനി-കമൽ ചിത്രം ഒരുക്കുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
നേരത്തെ, തമിഴ് യുവ സംവിധായകരിൽ മുൻനിരയിലുള്ള ലോകേഷ് കനകരാജിന്റെ പേരാണ് ഈ സിനിമയുടെ സംവിധായകനായി കേട്ടിരുന്നത്. രജനികാന്ത്-കമൽഹാസൻ ചിത്രത്തിന് വേണ്ടി ഒന്നര മാസത്തോളം എടുത്ത് ലോകേഷ് തിരക്കഥയും എഴുതി. എന്നാൽ, ആക്ഷൻ സിനിമയ്ക്ക് പകരം രസകരമായ ഒരു എന്റർടെയ്‌നർ ചിത്രമാണ് ഇരുതാരങ്ങളും ആഗ്രഹിച്ചത്. ഇതോടെ, ലോകേഷ് പ്രോജക്ടിൽ നിന്ന് പിന്‍മാറി. ഇതാണ് നെൽസണ് നറുക്ക് വീഴാൻ കാരണമായത്.
രജനികാന്തുമായുള്ള നെൽസന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. കമൽഹാസനുമായി നെൽസൺ ഒന്നിക്കുന്ന ആദ്യ ചിത്രവും. രജനിയെ നായകനാക്കി നെൽസൺ ഒരുക്കിയ ‘ജയിലർ’ വൻ വിജയമായിരുന്നു. നിലവിൽ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
ഡാർക്ക് കോമഡി കൈകാര്യം ചെയ്യാനുള്ള നെൽസന്റെ കഴിവ് രജനി-കമൽ ചിത്രത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ പ്രൊമോ ഷൂട്ട് അടുത്ത ആഴ്ച തന്നെ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രജനികാന്തിനെ നായകനാക്കി രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം കമൽ നിർമിക്കുന്ന ചിത്രവും അടുത്ത് തന്നെ ഉണ്ടാകും. ‘ഡോൺ’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിയാണ് ‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയുടെ സംവിധാനം. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നാണ്. 2027 പൊങ്കൽ റിലീസ് ആയി സിനിമ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തും എന്നാണ് സൂചന.



