എഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഉണ്ടായ ഹസ്തദാന വിവാദത്തിൽ ട്വിസ്റ്റ്. ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണികൾക്ക് മുന്നിൽ ഐസിസി തെല്ല് അയഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതോടെ പാകിസ്ഥാൻ ടൂർണമെൻ്റിൽ നിന്ന് പിന്മാറില്ലെന്നാണ് റിപ്പോർട്ട്.
പാക് നായകനോട് ഹസ്തദാനം നൽകരുതെന്ന് ആവശ്യപ്പെട്ട മാച്ച് റഫറി പൈക്രോഫ്റ്റിനെ ഇനി പാകിസ്ഥാൻ്റെ മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് ഐസിസിയുടെ തീരുമാനം. അതേസമയം, മറ്റു മത്സരങ്ങളിൽ അദ്ദേഹം മാച്ച് റഫറിയായി തുടരുകയും ചെയ്യും.
ഇതോടെ ഇന്ന് ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാൻ യുഎഇയെ നേരിടും. മത്സരത്തിൽ വിജയിക്കുന്ന ടീം സൂപ്പർ ഫോറിൽ കടക്കും എന്നതിനാൽ ഇന്നത്തെ മത്സരം ജയിക്കേണ്ടത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. മത്സരം രാത്രി എട്ട് മണിക്ക് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്.
ചൊവ്വാഴ്ച യുഎഇക്കെതിരായ ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം നടത്താനിരുന്ന പ്രീ മാച്ച് പത്രസമ്മേളനം റദ്ദാക്കിയിരുന്നു. എഷ്യ കപ്പിൽ നിന്നുള്ള പിൻവാങ്ങൽ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ ആണിതെന്നാണ് ടീം വൃത്തങ്ങൾ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പത്രസമ്മേളനം നടന്നില്ലെങ്കിലും പാകിസ്ഥാൻ കളിക്കാർ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നു.