‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘മഹാകാളി’. ഭൂമി ഷെട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭൂമിയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടു. ‘ലോക’യിലെ ചന്ദ്രയ്ക്ക് പിന്നാലെ ഇന്ത്യൻ സിനിമയിലേക്ക് പുതിയ ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.
ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തിയായി. ഇപ്പോൾ ഹൈദരാബാദിൽ പ്രത്യേകമായി നിർമിച്ച ഒരു വമ്പൻ സെറ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉൾക്കൊള്ളുന്ന രീതിയിൽ, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മിത്തും സമകാലിക പ്രശ്നങ്ങളും സംയോജിപ്പിച്ച് കൊണ്ടാണ് ‘മഹാകാളി’ ഒരുക്കുന്നത്.
കാളിയുമായി ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ‘മഹാകാളി’യുടെ ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചുവപ്പും സ്വർണവും ഇടകലർന്ന ഷേഡിലാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭൂമി ഷെട്ടിയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’യുടെ പോസ്റ്റർ പുറത്തു വിട്ടത്. ‘ഫ്രം ദ യൂണിവേഴ്സ് ഓഫ് ഹാനുമാൻ’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.
രചന- പ്രശാന്ത് വർമ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി.


