മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാനവേഷത്തില്‍ എത്തുന്നുവെന്നത് വലിയ ആവേശത്തിലാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിൽ നെഗറ്റീവ് റോളിലാണ് താരം എത്തുക എന്ന് പോസ്റ്റർ ഉറപ്പിക്കുന്നു.
‘കുംഭ’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയുടെ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ദുഷ്ടനും, ക്രൂരനും, ശക്തനുമായ വില്ലന്‍’ എന്നാണ് ‘കുംഭ’യ്ക്ക് സംവിധായകന്‍ നൽകുന്ന വിശേഷണം. കുംഭയ്ക്ക് ജീവന്‍ നൽകിയ പൃഥ്വിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാജമൗലി പോസ്റ്റർ പങ്കുവച്ചത്. താന്‍ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം എന്നാണ് കുംഭയെ പൃഥ്വിരാജ് വിശേഷിപ്പിച്ചത്. പ്രിയങ്കാ ചോപ്ര, മഹേഷ് ബാബു എന്നീ സഹതാരങ്ങള്‍ക്കും രാജമൗലിക്കും നടന്‍ നന്ദിയും അറിയിച്ചു.
‘എസ്എസ്എംബി 29’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നായകന്‍ മഹേഷ് ബാബുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഗ്ലോബ് ട്രോട്ടർ (ഉലകം ചുറ്റുന്നവൻ) എന്നാണ് മഹേഷ് ബാബുവിന്റെ സിനിമയിലെ കഥാപാത്രത്തെ പോസ്റ്ററിൽ വിശേഷിപ്പിച്ചിരുന്നത്. സ്റ്റീവൻ സ്പിൽബർഗിന്റെ ‘ഇന്‍ഡ്യാന ജോണ്‍സ്’ എന്ന ചിത്രത്തിന്റെ ശൈലിയിലാണ് രാജമൗലി ഈ ചിത്രം അണയിച്ചൊരുക്കുന്നത് എന്നാണ് സൂചന. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ തയ്യാറാക്കുന്നത്.



