2026ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചതിന് പിന്നാലെ ആദ്യ പ്രതികരണം നടത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡൻ്റ് അമിനുൾ ഇസ്ലാം. ടി20 ലോകകപ്പിൽ പങ്കെടുക്കണമെന്ന് തന്നെയാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇന്ത്യയിൽ സുരക്ഷിതത്വമില്ലെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും അമിനുൾ ഇസ്ലാം പറഞ്ഞതായി ഇഎസ്‌പിഎൻ ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച് നിൽക്കുകയാണെങ്കിൽ ലോകകപ്പിൽ സ്കോട്ട്ലൻഡിനെ പകരം കളിപ്പിക്കുമെന്നാണ് ഐസിസി അറിയിച്ചത്. അതേസമയം, തനിക്ക് ബംഗ്ലാദേശ് സർക്കാരുമായി സംസാരിക്കാൻ കൂടുതൽ സമയം നൽകണമെന്നും അതിന് ശേഷം മറുപടി നൽകാമെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഐസിസിയെ അറിയിച്ചത്.
“ബംഗ്ലാദേശ് സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ ഞങ്ങൾക്ക് സുരക്ഷിതമല്ലെന്ന് അറിയാം. ശ്രീലങ്കയിൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഐസിസി ഞങ്ങളുടെ ആവശ്യം നിരസിച്ചുവെന്ന് എനിക്കറിയാം. ഞങ്ങൾ ഒരിക്കൽ കൂടി ബംഗ്ലാദേശ് സർക്കാരുമായി സംസാരിക്കും. തുടർന്ന് സർക്കാരിൻ്റെ പ്രതികരണം ഞാൻ ഐസിസിയെ അറിയിക്കും, അത്ഭുതം സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,” അമിനുൾ ഇസ്ലാം അറിയിച്ചു.
ഇന്ത്യയിലെ ടി20 ലോകകപ്പ് വേദികളിലൊന്നും ബംഗ്ലാദേശ് കളിക്കാരുടെയോ ഒഫീഷ്യലുകളുടെയോ ആരാധകരുടെയോ സുരക്ഷയ്ക്ക് ഒരു ഭീഷണിയും ഇല്ലാത്തതിനാൽ ലോകകപ്പ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കുമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആശങ്കകൾ ഉന്നയിക്കുകയും വേദികളിൽ മാറ്റം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വീഡിയോ കോൺഫറൻസ് വഴി വിളിച്ചുചേർത്ത ഐസിസി ബോർഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
“നിലവിലെ സാഹചര്യത്തിൽ ലോകകപ്പിലെ മത്സരങ്ങൾ മാറ്റുന്നത് ഐസിസി പരിപാടികളുടെ പവിത്രതയെ അപകടത്തിലാക്കുമെന്നും, ആഗോള ഭരണസമിതി എന്ന നിലയിൽ സംഘടനയുടെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തുമെന്നും ഐസിസി ബോർഡ് നിരീക്ഷിച്ചു,” എന്നായിരുന്നു ഐസിസിയുടെ പ്രസ്താവന.



