You are Here : Home / ശുഭ വാര്‍ത്ത

മദ്യനിരോധനം അത്യാവശ്യം

Text Size  

Story Dated: Tuesday, August 26, 2014 12:22 hrs UTC

മദ്യനിരോധനം കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ആരായാലും അനുകൂലിച്ചുപോവും. പക്ഷെ അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. ഒരു നല്ലകാര്യവും കൊണ്ടുവരാന്‍ ചിലര്‍ അനുവദിക്കില്ല. മദ്യം കൊണ്ട് മനുഷ്യന് ഒരു ഗുണവുമില്ല. എന്നാല്‍ ദോഷമേറെയുണ്ടുതാനും. മദ്യപിക്കുന്നത് മഹത്തായ കാര്യമാണെന്ന് കരുതുന്ന ഒരുപാടുപേര്‍ നമുക്കുചുറ്റുമുണ്ട്. രണ്ടെണ്ണം അകത്തുചെന്നാല്‍ അവര്‍ക്ക് എന്തിനും ധൈര്യമാണ്. അത്തരക്കാരാണ് നിരോധനത്തെ എതിര്‍ക്കുന്നത്. മദ്യം ഇവിടെ കിട്ടിയില്ലെങ്കില്‍ അവര്‍ കിട്ടുന്നിടത്തേക്ക് പോകുമെന്നത് മറ്റൊരു സത്യമാണ്. നമുക്കത് തടയാന്‍ പറ്റില്ല. മദ്യം കൊണ്ടുള്ള ഭവിഷ്യത്ത് ഏറ്റവുമധികം അനുഭവിച്ചൊരാളാണ് ഞാന്‍. ജീവന്‍ വരെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലെത്തിയ ആ സംഭവം നിങ്ങള്‍ അറിയേണ്ടതുണ്ട്. 
 
മരിച്ചു ജീവിച്ച ഞാന്‍
 
അന്നത്തെ അമേരിക്കന്‍ യാത്ര ചെറിയൊരു ടീമിന്റെ കൂടെയായിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് കൊമേഡിയന്‍മാരെന്നുവച്ചാല്‍ ജീവനാണ്. എയര്‍പോര്‍ട്ടിലിറങ്ങുന്നതു മുതല്‍ അവര്‍ നമ്മെ ഒരു പോറലുമേല്‍പ്പിക്കാതെ കൊണ്ടുപോകും. പ്രോഗ്രാമില്ലാത്ത ദിവസങ്ങളില്‍ ഓരോ കുടുംബവും പാര്‍ട്ടിക്ക് വിളിക്കും. ഞാനും നടന്‍ കൊല്ലംതുളസിയും ഒരു മുറിയിലായിരുന്നു. 
 
വെളുപ്പിന് അഞ്ചുമണിക്കുതന്നെ ഫുള്‍ബോട്ടിലുമായി ചിലരെത്തും. അപ്പോള്‍ മുതല്‍ തുടങ്ങുകയായി ആഘോഷം. പ്രോഗ്രാമില്ലാത്ത ഒരു ദിവസം നാല് പാര്‍ട്ടിയുണ്ടായിരുന്നു. വയറുനിറയെ മദ്യവും ഭക്ഷണവും കഴിച്ച് രാത്രി ഏറെ വൈകിയാണ് മുറിയിലെത്തിയത്. പിറ്റേ ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ കഴിയുന്നില്ല. വയര്‍ വല്ലാതെ വീര്‍ത്തിരിക്കുന്നു. സഹിക്കാന്‍ പറ്റാത്ത വേദനയും അസ്വസ്ഥതയും. എങ്ങനെയെങ്കിലും ഒന്നെഴുന്നേറ്റു കിട്ടണേയെന്ന പ്രാര്‍ഥനയായിരുന്നു. കാരണം അന്നും പ്രോഗ്രാമില്ലാത്തതിനാല്‍ നാല് പാര്‍ട്ടിയുണ്ട്. ഛര്‍ദ്ദിക്കാന്‍ തോന്നിയതോടെ ഞാന്‍ നിലവിളിച്ചു. തുളസി എന്നെ പതുക്കെ എഴുന്നേല്‍പ്പിച്ചു. 
 
അമേരിക്കയില്‍ നമുക്ക് തനിയെ ആശുപത്രിയില്‍ പോകാന്‍ പറ്റില്ല. ആരുടെയെങ്കിലും കെയറോഫില്‍ പോയാലേ ചികിത്സ കിട്ടുകയുള്ളൂ. രാവിലത്തെ പാര്‍ട്ടി നടക്കുന്നത് ഒരു നഴ്‌സിന്റെ വീട്ടിലാണ്. അവരുടെ കെയറോഫില്‍ ഡിസ്‌പെന്‍സറിയില്‍ പോയി ചികിത്സിച്ചു. തിരിച്ച് പാര്‍ട്ടി നടക്കുന്ന വീട്ടിലെത്തി ബെഡ്‌റൂമില്‍ കിടന്നു. ഹാളില്‍ പാര്‍ട്ടി നടക്കുമ്പോള്‍ ഞാന്‍ വേദനകൊണ്ട് പുളഞ്ഞു.  സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഉച്ചത്തില്‍ കരഞ്ഞു. എല്ലാവരും ഓടിയെത്തി. എന്റെ അവസ്ഥ കണ്ടപ്പോള്‍ ഫോണ്‍ ചെയ്ത് ആംബുലന്‍സിനെ വരുത്തി. ഹോസ്പിറ്റലില്‍ ഐ.സി.യുവിലേക്കാണ് നേരെ കയറ്റിയത്. പിന്നീടെന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല. ബോധം വീണത് പിറ്റേ ദിവസം രാവിലെ ഏഴുമണിക്കാണ്. തമിഴ്‌നാട്ടുകാരിയാണ് ഡോക്ടര്‍.  
 
''ഇവിടെയെത്തുമ്പോള്‍ മരിച്ചു എന്നാണ് കരുതിയത്. ആരുടെയോ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മലയാളി ആയതുകൊണ്ട് പറയുകയാണ്. ഇനി നിങ്ങള്‍ മദ്യം തൊടരുത്.''
ഇല്ലെന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി.
''തല കുലുക്കിയാല്‍ പേരാ. എന്റെ കൈയില്‍തൊട്ട് സത്യം ചെയ്യണം.''
പരിചയം പോലുമില്ലാത്ത ആ സ്ത്രീയുടെ കൈയില്‍തൊട്ട് ഞാന്‍ സത്യം ചെയ്തു. 
മുമ്പൊക്കെ ഭാര്യ ഗിരിജയുടെ തലയില്‍തൊട്ട് ഒരുപാട് സത്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ആ വാക്ക് പാലിച്ചിരുന്നില്ല. കൂട്ടുകാരെ കാണുമ്പോള്‍ അതൊക്കെ മറക്കും. പക്ഷെ അത്തവണ അങ്ങനെയായിരുന്നില്ല. മരണത്തെ മുന്നില്‍ക്കണ്ടതുകൊണ്ടാകാം
 
ഞാന്‍ വാക്കുപാലിച്ചു. അതിനുശേഷം ഇതുവരെയും മദ്യപിച്ചിട്ടില്ല. 
അമ്പൂരിയിലെ ഒരു കുടുംബത്തിനൊപ്പമാണ് അന്ന് ഞാന്‍ കേരളത്തിലെത്തിയത്.  ഇവിടെ വന്നതിനുശേഷം കിംസില്‍ അഡ്മിറ്റാക്കി. അഞ്ചുദിവസം കഴിഞ്ഞാണ് അന്ന് ആശുപത്രി വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.