ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അന്താരാഷ്ട്ര വൈറോളജി സംഗമ തിരുവനന്തപുരം മാസ്കോട് ഹോട്ടലിൽമുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു . ആവർത്തിച്ചാവർത്തിച്ചു കാണപ്പെടുന്ന സാംക്രമിക രോഗങ്ങൾക്കു പ്രതിവിധിയായും വരും കാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദങ്ങളും മുന്നിൽ കണ്ടുകൊണ്ട് വിശദമായ പഠനത്തിനും, ഗവേഷണത്തിനും, രോഗ നിര്ണയത്തിനും എല്ലാം ഉതകുന്ന ഒരു പദ്ധതിയാണ് ലക്‌ഷ്യം. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിനെയാണ് ഈ ദൗത്യം സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജൈവ സാംകേതിക കമ്മീഷനാണ് ഈ സ്വപ്ന പദ്ധതി നടപ്പിൽ വരുത്തുന്നത്. മുഖ്യ മന്ത്രിയുടെ പ്രത്ത്യേക അവശ്യ പ്രകാരം ലോക പ്രസക്ത ശാസ്ത്രഞ്ജന്മാരായ ഡോ. എം വി പിള്ളയെയും ഡോ ശാർങ്ഗധരനും ചേർന്നാണ് പദ്ധതിയുടെ പ്രാരംഭ രേഖ സമർപ്പിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ച മുഖ്യ മന്ത്രി ശാസ്ത്ര കൗണ്സിലിനോട് പദ്ധതി നടപ്പിൽ വരുത്തുവാൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്കും മറ്റുമായാണ് അന്താരാഷ്ട്ര വൈറോളജി സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പദ്ധതി 2018 ജൂലൈ യിൽ നടപ്പിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.KSIDC തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് നല്‍കുന്നത്. ഇവിടെ 25,000 ചതുരശ്രഅടി വിസ്തൃതിയില്‍ പ്രീഫാബ് കെട്ടിടം ഒരുക്കും. , 78,000 ചതുരശ്ര അടിയില്‍ മൂന്നുനില കെട്ടിടം നിര്‍മിന്നുണ്ട്
കേരള ബയോടെക്‌നോളജി കമ്മീഷന്‍റെയും സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറോളജി സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം
നമ്മുടെ രാജ്യത്തിനുതന്നെ മാതൃകയായി ശാസ്ത്രരംഗത്ത് മുന്നേറുന്ന കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശാസ്ത്ര കൗണ്‍സിലും അനുബന്ധ ഗവേഷണ വികസന സ്ഥാപനങ്ങളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതാണ് എന്ന് സര്‍ക്കാര്‍ കരുതുന്നു. ശാസ്ത്ര ഗവേഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഈ സര്‍ക്കാര്‍ ശാസ്ത്ര കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി എടുക്കുന്നതുകൊണ്ടാണ് ഈ വൈറസ് ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം ആ കൗണ്‍സിലിനെ ഏല്‍പ്പിച്ചിട്ടുള്ളത്. സംസ്ഥാന ജൈവ സാങ്കേതികവിദ്യാ കമ്മീഷനിലൂടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. വൈറസ് ഗവേഷണ സ്ഥാപനം നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് എനിക്കു വിശ്വാസമുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനം ആരോഗ്യരംഗത്ത് ഗുരുതരമായ ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു എന്നു നാം വിശ്വസിച്ച പകര്‍ച്ച വ്യാധികളുടെ പ്രത്യക്ഷപ്പെടലും, പുതിയ പുതിയ രോഗങ്ങളുടെ വരവും, ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തില്‍ വന്ന ഗണ്യമായ വര്‍ധനവും, സ്ത്രീകളിലും പ്രായമായവരിലും കാണപ്പെടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും എല്ലാം തന്നെ നാം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. ഇവയൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് ഗവണ്‍മെന്‍റ് മുന്നോട്ടുപോകുന്നത്. ആവര്‍ത്തിച്ച് കാണപ്പെട്ട ചിക്കന്‍ ഗുനിയ, ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങള്‍ അവശേഷിപ്പിച്ച ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിക്കൊണ്ട് അവയുടെ ആവര്‍ത്തനം പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടികള്‍ വൈദ്യശാസ്ത്രരംഗവുമായി കൂടിയാലോചിച്ച് ആവിഷ്കരിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുവാനും, മാലിന്യ നിര്‍മാര്‍ജനം സുഗമമാക്കുവാനും ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയെ പ്രവര്‍ത്തന സജ്ജമാക്കിയ വിവരം നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ. അതുപോലെതന്നെ പ്രാധാന്യത്തോടെ നമ്മള്‍ നടത്തിയ ഇടപെടലാണ് ആരോഗ്യ സുരക്ഷയ്ക്കായി തുടങ്ങിയ ആര്‍ദ്രം പദ്ധതി.സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്കായി നമ്മള്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് ആഘാതം സൃഷ്ടിക്കുന്നവയാണ് ആരോഗ്യ മേഖലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍. ആരോഗ്യകാര്യത്തില്‍ മാത്രമല്ല, പൊതു വികസനകാര്യത്തില്‍ വരെ ഇത്തരം രോഗങ്ങളുടെ ആവര്‍ത്തിച്ചുള്ള വരവും അവയെ നേരിടാന്‍ വേണ്ടി വര്‍ധിച്ചതോതില്‍ പണം ചെലവഴിക്കേണ്ടിവരുന്നതും പ്രതികൂല അന്തരീക്ഷം ഉണ്ടാക്കുന്നു. വികസന പദ്ധതികള്‍ക്കായി ഉപയോഗിക്കേണ്ട പണമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ നേരിടാന്‍ വേണ്ടി വകമാറ്റി ഉപയോഗിക്കേണ്ടിവരുന്നത്. ജനസമൂഹത്തില്‍ രോഗങ്ങള്‍ കത്തിപ്പടരുമ്പോള്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടത് അത് പടരുന്നതിനെ തടയുന്നതിനാണല്ലോ. അങ്ങനെ ഖജനാവിലെ പണം വലിയതോതില്‍ മാറ്റപ്പെടുമ്പോള്‍ വികസനത്തെ അത് വല്ലാതെ ബാധിക്കും. ഈ പശ്ചാത്തലത്തിലാണ് രോഗങ്ങളുടെ ആവര്‍ത്തിച്ചുള്ള വരവ് പൊതുവികസനത്തെപ്പോലും തടയുന്നു എന്നു ഞാന്‍ പറയുന്നത്. ഇതു പറയുമ്പോള്‍ തന്നെ ആരോഗ്യപരിപാലന കാര്യത്തില്‍ നടപ്പില്‍ വരുത്തേണ്ട ഒന്നിനും ഒരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകരുത് എന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കേരളത്തിന്‍റെ ആരോഗ്യ മേഖലയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും നമുക്ക് ഒരുപാടു മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ശിശുമരണനിരക്ക് കുറയ്ക്കുവാനും മാതൃസംരക്ഷണം ഉറപ്പുവരുത്തുവാനും നമുക്ക് നല്ല രീതിയില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആ നില സുസ്ഥിരമായി ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. ഖരമാലിന്യ നിര്‍മാര്‍ജനത്തിന്‍റെ അഭാവം നമ്മുടെ ജലസ്രോതസ്സുകളെ മലിനീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ജലസ്രോതസ്സുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ജലമലിനീകരണംമൂലവും ജലലഭ്യതയുടെ കുറവുമൂലവും ഉണ്ടാകുന്ന രോഗങ്ങള്‍ നമുക്കു പരിചിതമാണ്. അവയ്ക്കെതിരെയുള്ള രോഗപ്രതിരോധത്തിനും പ്രതിവിധികള്‍ക്കുമായി പ്രസക്തമായ കര്‍മ്മപരിപാടികള്‍ ഏറ്റെടുത്തു നടത്തേണ്ടത് ഇന്ന് നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ ആവശ്യമാണ്. സംസ്ഥാന ഗവണ്‍മെന്‍റ് ഇതിനായി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സമയത്താണ് അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധരായ ഡോ. എം വി പിള്ളയും ഡോ. ശാര്‍ങ്ഗധരനും എന്നെ കണ്ടതും കേരളത്തില്‍ ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്‍റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചതും അതിനു വേണ്ടുന്ന ഒരു കരട് പദ്ധതി സമര്‍പ്പിച്ചതും. ഗവണ്‍മെന്‍റ് അവരുടെ നിര്‍ദ്ദേശങ്ങള്‍ പഠിക്കുകയും ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാന്‍ വേണ്ട പ്രാരംഭ നടപടികള്‍ കൈക്കൊള്ളുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ മുമ്പു സൂചിപ്പിച്ച രോഗങ്ങളുടെ ചികിത്സ മാത്രമല്ല, ഒരിക്കല്‍ നിര്‍മാര്‍ജനം ചെയ്ത രോഗങ്ങള്‍ എങ്ങനെ വീണ്ടും വരുന്നു, അവ എങ്ങനെ തടയാം, കേട്ടുകേള്‍വി പോലുമില്ലാതിരുന്ന പുതിയ രോഗങ്ങള്‍ എങ്ങനെ വരുന്നു,പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെ തുടങ്ങിയ സമസ്ത കാര്യങ്ങളും അപഗ്രഥിക്കുകയും പരിഹരിക്കുകയുമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം. നമുക്കിവിടെ ആലപ്പുഴയില്‍ ചെറിയ തോതില്‍ ഒരു വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ടുള്ള കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍, ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണ പഠനകേന്ദ്രം അത്യന്താപേക്ഷിതമാണെന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ളൊരു സ്ഥാപനം സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. അതിമഹത്തായ ഒരു ശാസ്ത്ര പാരമ്പര്യമുള്ള നാടാണ് നമ്മുടെ കേരളം. ആയുര്‍വേദത്തിലും മറ്റും കേരളത്തിന്‍റെ സംഭാവനകള്‍ അതിവിപുലവുമാണ്. നമ്മുടെ ഓരോ ഗവേഷണ സ്ഥാപനവും അവയുടെ പ്രത്യേകതകള്‍ കൊണ്ടും, നിലവാരം കൊണ്ടും ലോക പ്രസിദ്ധമാണ്. ആ പട്ടികയിലേക്ക് മറ്റൊരു സ്ഥാപനം കൂടി വരികയാണ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫലപ്രദമാം വിധം സജ്ജമാക്കാന്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുവാന്‍ കഴിയട്ടെ എന്നും എത്രയും വേഗത്തില്‍ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കുവാനാകട്ടെ എന്നും ആശംസിക്കുന്നു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) കീഴില്‍ തോന്നയ്ക്കലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലം വൈറോളജി സ്ഥാപനത്തിന് നല്‍കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. അവിടെ സ്വീകാര്യമായ സ്ഥലത്ത് എത്രയുംവേഗം 25000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടം നിര്‍മിക്കുവാനും അടുത്ത വര്‍ഷം തന്നെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ സ്ഥാപനം തുടങ്ങുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. കൂടാതെ, ഏകദേശം 78000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള മൂന്നുനില കെട്ടിടം നിര്‍മിക്കുവാനുള്ള നടപടികളും സ്വീകരിച്ചു വരുകയാണ്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി വേണം ഈ സ്ഥാപനം തുടങ്ങേണ്ടത്. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ ഈ സംഗമത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിനായുള്ള കരട് സസന്തോഷം പ്രകാശനം ചെയ്യുന്നു. അടുത്ത വര്‍ഷത്തോടെ ഈ സ്ഥാപനം പ്രവര്‍ത്തനസജ്ജമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ അന്താരാഷ്ട്ര വൈറോളജി സംഗമം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. നന്ദി.
Comments