തമിഴ്നാട്ടിലെ ഏതോ ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീക്ക് ഭര്‍ത്താവിനെയും പൂജയ്ക്ക് അച്ഛനെയും തിരിച്ചുകിട്ടാന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ തുണയാകുന്നെന്ന വാര്‍ത്ത അത്യന്തം സന്തോഷകരമാണ് . 1983-ല്‍ കുവൈത്തില്‍ വെച്ച് അബദ്ധത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയായ 30 ലക്ഷത്തിലേക്ക് 25 ലക്ഷം ഉദാരമതികളായ തന്റെ സുഹൃത്തുക്കളില്‍നിന്ന് മുനവ്വറലി സ്വരൂപിച്ചു. സംഖ്യ ഹൈദരലിശിഹാബ് തങ്ങളാണ് മാലതിക്ക് കൈമാറിയത് . വധിക്കപ്പെട്ട സഹോദരന്റെ കുടുംബത്തിന് പാണക്കാട്ടുവെച്ച് നഷ്ടപരിഹാരത്തുക നല്‍കി മാപ്പപേക്ഷയില്‍ ഒപ്പിട്ടുവാങ്ങി കുവൈത്ത് കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ തമിഴ്നാട്ടിലെ ഒരു പാവപ്പെട്ട ഗ്രാമീണ വനിതയ്ക്ക് തിരിച്ചുകിട്ടില്ലെന്ന് കരുതിയിരുന്ന കുടുംബനാഥനെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊരു മാതൃകാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുനവ്വറലി തങ്ങളും ഇതിനോട് സഹകരിച്ച പട്ടര്‍ക്കടവന്‍ കുഞ്ഞാനും മകന്‍ റഹീമും എന്‍.എ. ഹാരിസും മാളയിലെ എ.എം.പി. ഫൗണ്ടേഷനും കുവൈത്തിലെ സ്റ്റെര്‍ലിങ് ഫൗണ്ടേഷനും സാലിം മണി എക്‌സ്ചേഞ്ചും പേരുപറയാന്‍ ആഗ്രഹിക്കാത്ത സുമനസ്സുകളും സര്‍വോപരി മരണപ്പെട്ട സഹോദരന്റെ കുടുംബവും എല്ലാനിലയിലും അഭിനന്ദനമര്‍ഹിക്കുന്നു . കരുണാര്‍ദ്രനായ പിതാവിന്റെ ദയാലുവായ മകനാണ് മുനവ്വറെന്ന് ഈ സല്‍പ്രവൃത്തി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമലിന്റെ 'പെരുമഴക്കാലം' എന്ന സിനിമ പുറത്തിറങ്ങിയത് . വധിക്കപ്പെട്ട രഘുരാമ അയ്യരുടെ (വിനീത്) ഭാര്യയായി കാവ്യാമാധവനും (ഗംഗ) അബദ്ധത്തില്‍ വധിച്ച അക്ബറിന്റെ (ദിലീപ്) സഹധര്‍മിണിയായി മീരാ ജാസ്മിനും (റസിയ) തകര്‍ത്തഭിനയിച്ച ചലച്ചിത്രമായിരുന്നു അത്. സത്യം മനസ്സിലാക്കിയ നായിക കുടുംബക്കാരുടെ എതിര്‍പ്പ് വകവെക്കാതെ ഘാതകന് മാപ്പ് കൊടുത്ത് രേഖയില്‍ ഒപ്പിട്ടുകൊടുക്കുന്ന രംഗം, കാണുന്ന ഏതൊരാളുടെയും കണ്ണുകള്‍ നനയിക്കും. പ്രസ്തുത സിനിമയുടെ തുടര്‍ച്ചപോലെ തോന്നിപ്പിക്കുന്നതാണ് മാലതിയുടെയും പൂജയുടെയും കദനകഥ . നമ്മുടെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് 149 ഇന്ത്യന്‍ തടവുകാര്‍ ഷാര്‍ജ ജയിലില്‍നിന്ന് വിമോചിപ്പിക്കപ്പെട്ട സംഭവത്തിനുശേഷം മനസ്സില്‍ കുളിര്‍മഴ പെയ്ത അനുഭവമാണ് ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഉണ്ടായത്. മലപ്പുറത്തിന്റെ സൗമനസ്യം ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ സംഭവം നിമിത്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം . മുനവ്വറലി തങ്ങള്‍ക്കും മാപ്പുകൊടുക്കാന്‍ വിശാലമനസ്‌കത കാണിച്ച മരണപ്പെട്ട സഹോദരന്റെ കുടുംബത്തിനും എന്റെ ഹൃദയാഭിവാദ്യങ്ങള്‍ .
Comments