റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സാങ്കേതിക വിദ്യ എത്തിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന സംവിധാനമാണ് വി ടു വി സാങ്കേതിക വിദ്യ. പുതിയ പരിഷ്കാരം എത്തുന്നതോടെ രാജ്യത്തെ റോഡ് സുരക്ഷയിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓൺ ബോർഡ് യുണിറ്റ്(OBU) എന്ന ഉപകരണം വഴിയാണ് വി ടു വി പ്രവർത്തിക്കുന്നത്. ഒബിയു വാഹനത്തിൽ ഘടിപ്പിക്കുന്നതിലൂടെ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാൻ കഴിയും. പുതിയ പരിഷ്കരണത്തിന്റെ മാനദണ്ഡങ്ങൾ അന്തിമ ഘട്ടമെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ഇത് നിർബന്ധമാക്കാനുള്ള നടപടിയിലേക്ക് കടക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പദ്ധതിയിടുന്നത്.



