ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ കഴിഞ്ഞ ദിവസം ഉറക്കമുണർന്നവർ ചെറുതായൊന്ന് അമ്പരന്നു. നല്ല തണുത്ത കാറ്റും, മഞ്ഞുമഴയും. തെക്കൻ ചൈനയിൽ അതിശൈത്യം തുടരുകയാണ്. എട്ടു വർഷത്തിന് ശേഷം അപൂർവമായൊരു മഞ്ഞുവീഴ്ചയാണ് ഷാങ്ഹായിലുണ്ടായത്. ഒരാഴ്ച മുമ്പ് 20 ഡിഗ്രി സെൽഷ്യസായിരുന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂജ്യത്തിനും താഴേക്ക് കുറഞ്ഞത്.
2018 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഷാങ്ഹായിൽ ഇത്രയും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഞ്ഞുമഴ പിറ്റേന്ന് രാവിലെയും തുടർന്നു. നഗരത്തിലെ താപനില -2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദക്ഷിണ ചൈനയിൽ ശീതതരംഗം പിടിമുറുക്കിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച വരെ 20 ഡിഗ്രി സെൽഷ്യസായിരുന്നു ഷാങ്ഹായിലെ താപനില.
നേരത്തേ അസാധാരണമാംവിധം ചൂട് കൂടിയതിനെത്തുടർന്ന് വസന്തകാലത്ത് വിരിയേണ്ട ഓസ്മന്ത്സ് മരങ്ങൾ നേരത്തെ പൂവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്നൊരു മഞ്ഞുവീഴ്ച. ആർട്ടിക് മേഖലയിൽ നിന്നുള്ള തണുത്ത വായു ദക്ഷിണ ചൈനയിലേക്കെത്തിയതാണ് അതിശൈത്യത്തിന് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു. പന്ത്രണ്ടോളം പ്രവിശ്യകളിലായി 241 ഓളം പ്രധാന പാതകൾ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചുപൂട്ടി.
ഷാങ്ഹായിലേക്കുള്ള പല റോഡുകളും ഹൈസ്പീഡ് ട്രെയിൻ സർവീസുകളും താൽക്കാലികമായി തടസപ്പെട്ടു. ഗുയിഷു, ജിയാങ്‌സി പ്രവിശ്യകളിൽ താപനില 14 ഡിഗ്രി വരെ താഴ്ന്നു. വരും ദിവസങ്ങളിൽ ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം നഗരവാസികളെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്.



