‘ബ്ലാക്ക് പാന്തർ’ എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക് ബോസ്മന് വോക്ക് ഓഫ് ഫെയിം പോസ്തുമസ് സ്റ്റാർ പദവി നൽകി ആദരിച്ച് ഹോളിവുഡ്. മരണാനന്തര ബഹുമതി ആയാണ് ആദരവ്. 2020ൽ കോളൻ അർബുദം ബാധിച്ചാണ് ബോസ്മാൻ വിട പറഞ്ഞത്. 43ാം വയസിലായിരുന്നു മരണം.
ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങിൽ ‘ബ്ലാക്ക് പാന്തർ’ സംവിധായകൻ റയാൻ കൂഗ്ലർ, നടി വയോല ഡേവിസ്, ബോസ്മാന്‍റെ ഭാര്യ ടെയ്‌ലർ സിമോൺ എന്നിവർ പങ്കെടുത്തു. നേതൃത്വം, അധ്യാപനം, ഉദാരത എന്നീ മൂന്ന് കാര്യങ്ങളാണ് ചാഡ്‌വിക് ബോസ്മാനെ കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് ഓർമവരുന്നത് എന്ന് കൂഗ്ലർ പറഞ്ഞു. സ്വർഗത്തിലേക്കാൾ തിളക്കത്തോടെ വാക്ക് ഓഫ് ഫെയിമിൽ ചാഡ്‌വിക്ക് എന്ന നക്ഷത്രം തിളങ്ങി നിൽക്കുന്നു എന്ന് വയോല ഡേവിസും തന്റെ പ്രസംഗത്തിൽ പറഞ്ഞു.
2016ൽ റിലീസ് ആയ ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ ‘എന്ന മാർവൽ ചിത്രത്തിലാണ് ചാഡ്‌വിക് ബോസ്മാൻ ആദ്യമായി ബ്ലാക്ക് പാന്തറായി എത്തിയത്. 2018ൽ റയാൻ കൂഗ്ലർ ചാഡ്‌വിക്കിനെ നായകനാക്കി ‘ബ്ലാക്ക് പാന്തർ’ മുഴുനീള ചിത്രമാക്കി മാറ്റി. കാൻസറുമായി പൊരുതിയ അവസാന നാല് വർഷത്തിനിടയ്ക്കാണ് ശ്രദ്ധേയമായ പല ചിത്രങ്ങളിലും നടൻ എത്തിയത്. അവഞ്ചേഴ്സ് ഇൻഫിനിറ്റിവാർ, അവഞ്ചേഴ്സ് എൻഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും ചാഡ്‌വിക്ക് ബോസ്മാൻ ബ്ലാക്ക് പാന്തറിനെ അവതരിപ്പിച്ചു.



